സു.. സു.. സുധി വാത്മീകം നിരൂപണം
വിജയത്തിലേക്ക് കുറക്കുവഴികളൊന്നുമില്ല. പക്ഷെ എളുപ്പവഴികളുണ്ട്. സ്വയം വിശ്വസിക്കുക. എന്ന് പറഞ്ഞാല്‍ ആത്മവിശ്വാസം നേടുക. സുധിയുടെ ജീവിതത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് അത് കാണിച്ചുകൊടുക്കുകയാണ് രഞ്ജിത്ത് ശങ്കറും ജയസൂര്യയും. പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ് സു സു സുധി വാത്മീകം. അതേ സമയം എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാനും കഴിയുന്ന ഫീല്‍ ഗുഡ് മൂവി.
സുധീന്ദ്രന്‍ എന്ന സുധിയ്ക്ക് സംസാരിക്കുമ്പോള്‍ വിക്കിന്റെ പ്രശ്‌നമുണ്ട്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളൊക്കെ സുധിയുടെ ജീവിതത്തിലും സംഭവിയ്ക്കുന്നുണ്ട്. പ്രണയം, പരാജയം, ഭയം എല്ലാത്തിനെയും മറികടന്ന് ആത്മവിശ്വാസത്തിലൂടെ സുധി വിജയത്തിലെത്തുന്നുമുണ്ട്. സിനിമ കാണണം എന്ന് പറയുന്നത് വെറുതെ എന്റര്‍ടൈന്‍മെന്റിന് വേണ്ടി മാത്രമല്ല, ഒരു സെല്‍ഫ് കോണ്‍ഫിഡന്‍സിന് കൂടെ വേണ്ടിയാണ്
പറയാതെ വയ്യ, ജയസൂര്യ എന്ന നടനെ അംഗീകരിക്കണം. അമര്‍ അക്ബര്‍ അന്തോണിയിലെ മുടന്തന് ശേഷം വിക്കനായും ജയസൂര്യ ജീവിച്ചു. 20 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ള സുധിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ജയസൂര്യ. പ്രായത്തിന്റെ ഓരോ ഘട്ടത്തിലും ശാരീരികമായും മാനസികമായും കഥാപാത്രത്തിന് വരുന്ന മാറ്റങ്ങളൊക്കെ ജയസൂര്യയുടെ അഭിനയത്തിലും സംഭാഷണത്തിലുമൊക്കെയുണ്ടായിരുന്നു.
നായികമാരായെത്തിയ സ്വാതിയും ശിവദയും മികച്ച അഭിനയം കാഴ്ചവച്ചു. എടുത്തു പറയേണ്ടത് മുകേഷിന്റെ വേഷമാണ്. അജുവിന് പതിവ് വേഷങ്ങളില്‍ നിന്ന് വേറിട്ട് പുതുതായൊന്നും ഈ സിനിമയിലും ചെയ്യാനുണ്ടായിരുന്നില്ല. ഒരു മാറ്റം അജുവില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു എന്ന് നടന്‍ മനസ്സിലാക്കുക. കെ പി എ സി ലളിത, ടി ജി രവി തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
തീര്‍ത്തും പോസിറ്റീവായ ഒരു ആശയം വിജയകരമായി പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പൂര്‍ണമായും വിജയിച്ചു. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ വിജയം പിന്തുടര്‍ന്നു എന്ന് പറയുന്നതിനെക്കാള്‍ അതില്‍ നിന്നും വ്യത്യസ്തമായി, അതുക്കും മേലെ ഒരു വിജയം നേടി എന്ന് പറയുന്നതാവും ശരി. മുന്‍ ചിത്രമായ വര്‍ഷത്തില്‍ നിന്നും മാറി നടക്കാനും സംവിധായകന് സാധിച്ചു.
ഒരു സാധാരണക്കാരന്റെ ജീവിതം, വളരെ പെര്‍ഫക്ടായി അവതരിപ്പിയ്ക്കുകയായിരുന്നു. അതിന് തിരക്കഥയുടെ ബലമുണ്ട്. ത്രില്ലിങ് രംഗങ്ങളോ, ട്വിസ്‌റ്റോ ഒന്നുമില്ല. എന്നാല്‍ കൂടെ ആദ്യാവസാനം വരെ സുധിയെ ഇഷ്ടപ്പെടാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നത് അവതരണ മികവുകൊണ്ടാണ്. സിനിമ ആവശ്യപ്പെടുന്ന മിതത്വത്തില്‍ ക്യാമറ ചലിപ്പിയ്ക്കാന്‍ വിനോദ് ഇല്ലമ്പള്ളി ശ്രദ്ധിച്ചു. ബോറടിപ്പിയ്ക്കാതെ വി സാജന്‍ കൃത്യമായി കത്രികവച്ചു.
ബിജിപാലാണ് സംഗീതമൊരുക്കിയത്. സാധാരണത്വം അനുഭവിക്കാന്‍ കഴിയുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയുടെ ഫ്‌ളോ നിലനിര്‍ത്തി. സിനിമയുടെ മൂഡിന് അനുസരിച്ചതായിരുന്നു പശ്ചാത്തല സംഗീതം. ചുരുക്കി പറഞ്ഞാല്‍ ഒരു സിംപിള്‍ ഫീല്‍ഗുഡ് എന്റര്‍ടൈന്‍മെന്റാണ് സു സു സുധി വാത്മീകം. ആത്മവിശ്വാസത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രം.
0 comments:
Post a Comment